കാടിനെ അറിയാന്‍ സീഡ് വിദ്യാര്‍ഥികളുടെ പഠനക്യാമ്പ്

Posted By : knradmin On 7th December 2013


 ചാല: കാടിനെ തൊട്ടറിയാന്‍ തന്നട സെന്‍ട്രല്‍ യു.പി. സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ കണ്ണവം റിസര്‍വ് വനത്തില്‍ ഏകദിന പ്രകൃതിപഠന ക്യാമ്പ് നടത്തി. കേരള വനം-വന്യജിവി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ 40 പേരടങ്ങുന്ന സംഘമാണ് വനത്തില്‍ എത്തിയത്. വിവിധയിനം മരങ്ങളെക്കുറിച്ചും അപൂര്‍വങ്ങളായ ചെറുജിവികളെക്കുറിച്ചും കുട്ടികള്‍ ഫോറസ്റ്റ് അധികൃരോട് ചോദിച്ചറിഞ്ഞു. 

പരിസ്ഥിതിസമിതി ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍, ഫോറസ്റ്റര്‍ ശശിധരന്‍, മുന്‍ ഫോറസ്റ്റര്‍ ബാലകൃഷ്ണന്‍ , ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പ്രേമരാജന്‍ എന്നിവര്‍ ക്ലാസെടുത്തു. വനങ്ങളും കുന്നുകളും വയലുകളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തശേഷം വൈകിട്ടോടെ ക്യാമ്പ് സമാപിച്ചു. കേരള വനം വന്യജിവി വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 20 ക്യാമ്പുകളാണ് ഈ വര്‍ഷം നടത്തിയത്. പ്രഥമാധ്യാപകന്‍ എം.വി.പ്രഭാകരന്‍, ഇ.ബാലസുബ്രഹ്മണ്യന്‍, വി.പ്രദീപന്‍, കെ.പി.സുബൈദ, കെ.കെ.പ്രസന്ന എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.