ഹര്‍ത്താലിനെതിരെ സ്പീക്കര്‍ക്ക് സീഡ് ക്ലബ് അംഗങ്ങളുടെ നിവേദനം

Posted By : Seed SPOC, Alappuzha On 7th December 2013


 ചേര്‍ത്തല: സൈ്വരജീവിതത്തിന് തടസ്സമാകുന്ന ഹര്‍ത്താലുകള്‍പോലുള്ള സമരങ്ങള്‍ നിരോധിക്കാന്‍ നടപടി അഭ്യര്‍ത്ഥിച്ച് കടക്കരപ്പള്ളി കൊട്ടാരം ഗവണ്‍മെന്റ് യു.പി.ജി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന് നിവേദനം നല്‍കി. കൊട്ടാരം വടക്കുഭാഗം എന്‍.എസ്.എസ്. കരയോഗം ക്ഷേമപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ സ്പീക്കറെ സന്ദര്‍ശിച്ച് ഹര്‍ത്താലിനെതിരെ നിവേദനം നല്‍കിയത്. അവകാശങ്ങള്‍ നേടാനുള്ള സമരങ്ങള്‍ക്ക് ഞങ്ങള്‍ എതിരല്ലെന്ന സൂചന നല്‍കിയാണ് നിവേദനം കൊടുത്തത്. ലോകത്തെ വിവിധ പദ്ധതികള്‍ക്ക് മാതൃകയായി തിരഞ്ഞെടുത്തിട്ടുള്ള ദൈവത്തിന്റെ സ്വന്തംനാട് ഇന്ന് ഹര്‍ത്താലിനെ അതിജീവിക്കാന്‍ കഴിയാതെ കുഴങ്ങുകയാണെന്ന് നിവേദനത്തില്‍ പറയുന്നുണ്ട്. കേരളീയര്‍ മാത്രമല്ല ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും വ്യവസായികളെയും പ്രൊഫഷണലുകളെയും ഇത് ബാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അധ്യയന ദിവസങ്ങളും നഷ്ടപ്പെട്ടു.ഹര്‍ത്താല്‍ ഒഴിവാക്കാന്‍ തുറന്ന ചര്‍ച്ചയ്ക്ക് രാഷ്ട്രീയ അധികാരികള്‍ നേതൃത്വം നല്‍കണമെന്ന് നിവേദനത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.കടക്കരപ്പള്ളി പുത്തന്‍തോട് നവീകരിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ നിവേദനം നല്‍കി. ഹെഡ്മിസ്ട്രസ് എന്‍.സി.മിനി, പി.ടി.എ.പ്രസിഡന്റ് ഡോ.പ്രേംകുമാര്‍, സീഡ് റിപ്പോര്‍ട്ടര്‍ അരുണിമ, കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.