ആലപ്പുഴ: കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ക്കു മുന്നില്‍ ഇനി തലയെടുപ്പോടെ മരങ്ങള്‍ക്ക് നില്‍ക്കാം. ചേക്കേറാന്‍ ചില്ലകള്‍ ഇനിയും ബാക്കിയുണ്ടാവുമെന്ന കാര്യത്തില്‍ പക്ഷിക്കൂട്ടങ്ങള്‍ക്കും സമാധാനിക്കാം. മരങ്ങളുടെ തണലും കിളികളുടെ കുറുകലുകളും ഇനി ആലപ്പുഴയ്ക്ക് നഷ്ടമാവില്ല. പരിസ്ഥിതിസ്‌നേഹികളുടെ ചെറുത്തുനില്‍പ്പുകള്‍ ഒടുവില്‍ ഫലം കണ്ടു. ആലപ്പുഴ കനാല്‍ക്കരകളിലെ 183 മരങ്ങള്‍ കോടാലിത്തുമ്പില്‍നിന്ന് രക്ഷനേടി. വികസനത്തിനും സൗന്ദര്യവത്കരണത്തിനും മരങ്ങളുടെ കൂട്ടക്കുരുതി വേണ്ടെന്ന് ഒടുവില്‍ അധികൃതര്‍തന്നെ തീരുമാനിച്ചു.മരംവെട്ടാന്‍ അധികൃതര്‍ തീരുമാനിച്ചതോടെ 'മാതൃഭൂമി' നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. വാര്‍ത്തകളെത്തുടര്‍ന്നുണ്ടായ പ്രതിഷേധ സ്വരങ്ങള്‍ക്കും ജനകീയ സമരങ്ങള്‍ക്കും മുന്നില്‍ അധികാരികള്‍ തീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജില്ലാ കളക്ടറോട് മരംമുറിയ്ക്കുന്ന തീരുമാനം തത്കാലം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം പുന:പരിശോധിക്കുന്ന കാര്യം ആലോചിക്കാനായി ശനിയാഴ്ച കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മരം മുറിയ്ക്കുന്നതിനുള്ള തീരുമാനം റദ്ദാക്കിയത്. യോഗത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരടങ്ങിയ ജനകീയ സമിതിയംഗങ്ങളും പങ്കെടുത്തു. ജനകീയ സമിതിയിലെ അംഗങ്ങള്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ യോഗം അംഗീകരിച്ചു.മരങ്ങള്‍ മുറിച്ചുമാറ്റി ആലപ്പുഴ കനാല്‍ സൗന്ദര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും വീണുകിടക്കുന്നതൊഴികെ മറ്റു മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള തീരുമാനം റദ്ദാക്കിയതായും യോഗത്തില്‍ അധ്യക്ഷനായിരുന്ന കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. മരം മുറിയ്ക്കലല്ല, നട്ടുപിടിപ്പിക്കലാണ് കനാല്‍ സൗന്ദര്യവത്കരണ പദ്ധതിയുടെ ലക്ഷ്യം. മരം മുറിച്ചുമാറ്റല്‍ സര്‍ക്കാര്‍ നിലപാടല്ല. മരങ്ങള്‍ നട്ടു വളര്‍ത്തുകയാണ് സര്‍ക്കാര്‍ നിലപാട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തില്‍ ചാഞ്ഞുനില്‍ക്കുന്നതും ഉണങ്ങിയതും വീണുകിടക്കുന്നതുമായ 183 മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമിതിയുടെ തീരുമാനം റദ്ദാക്കുകയാണ്. സര്‍ക്കാറിന് പിടിവാശിയില്ല. പദ്ധതിയുടെ ഭാഗമായി 600 ഔഷധ,ഫലവൃക്ഷങ്ങള്‍ കനാല്‍ക്കരയില്‍ വച്ചു പിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.ജനകീയ പങ്കാളിത്തത്തോടെ കനാല്‍ക്കരയിലെ വൃക്ഷങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്ന ജനകീയസമിതി അംഗങ്ങളുടെ ആവശ്യം യോഗം അംഗീകരിച്ചു. കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇത് നടപ്പാക്കും. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംഘടനകളെയും കനാല്‍ സംരക്ഷണ കൂട്ടായ്മയെയും ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ മരങ്ങള്‍ വച്ചുപിടിപ്പിക്കും. പരിസ്ഥിതി വിദഗ്ദ്ധനും രണ്ട് ചരിത്രകാരന്‍മാരും ഉള്‍പ്പെടുന്ന സമിതി ഏതൊക്കെ മരങ്ങള്‍ എവിടെയൊക്കെ വച്ചുപിടിപ്പിക്കണമെന്ന് തീരുമാനിക്കും. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍തല സമിതിയില്‍ ജനകീയ സമിതി ജനറല്‍ കണ്‍വീനറായ എസ്. ശിവദാസിനെക്കൂടി ഉള്‍പ്പെടുത്തി മുറിച്ചു മാറ്റാന്‍ തീരുമാനിച്ച മരങ്ങള്‍ പരിശോധിക്കും. ഉടന്‍ മറിഞ്ഞുവീഴുമെന്ന് സമിതി കണ്ടെത്തുന്ന മരങ്ങള്‍ മാത്രം മുറിച്ചുമാറ്റും. പത്തു ദിവസത്തിനുള്ളില്‍ സമിതി നടപടികള്‍ പൂര്‍ത്തിയാക്കും. കനാല്‍ സൗന്ദര്യവത്കരണത്തിന്റെഭാഗമായി വീണു കിടക്കുന്ന മരങ്ങള്‍ പോലും മാറ്റണമെന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏജന്‍സി ആവശ്യപ്പെട്ടിട്ടില്ല. ആഴം കൂട്ടാനുള്ള ഡ്രഡ്ജിങ്ങിന് തടസ്സമായി കനാലിലേയ്ക്ക് വീണുകിടക്കുന്ന മരങ്ങള്‍ മാറ്റേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. സംരക്ഷിച്ചു നിര്‍ത്താന്‍ സാധ്യതയുള്ള മരങ്ങളെ സംരക്ഷിക്കുമെന്നും സംരക്ഷിക്കാനുള്ള വഴികള്‍ ജനകീയ സമിതി നിര്‍ദ്ദേശിച്ചാല്‍ അവ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയും നഗരസഭയും ആവശ്യപ്പെട്ടതു പ്രകാരമാണ് വനംവകുപ്പ് മരങ്ങള്‍ മുറിയ്ക്കാനുള്ള അനുമതി നല്‍കിയത്. നഗരസഭാ അധ്യക്ഷയും പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി.ദയാലും ഉള്‍പ്പെടുന്ന സര്‍ക്കാര്‍തല സമിതി പരിശോധിച്ച ശേഷമാണ് മരങ്ങള്‍ മുറിയ്ക്കാന്‍ അനുമതി നല്‍കിയതെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. ശ്രീകുമാര്‍ യോഗത്തെ അറിയിച്ചു.ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. കെ.പി.തമ്പി, സബ്കളക്ടര്‍ ജി.ആര്‍.ഗോകുല്‍, ഡി.ടി.പി.സി. സെക്രട്ടറി സി.പ്രദീപ്, ജനകീയ കൂട്ടായ്മയുടെ കണ്‍വീനര്‍ എസ്.ശിവദാസ്, സമിതി അംഗങ്ങളായ പി.ജയരാജ്, ദേവദത്ത്.ജി. പുറക്കാട്, രാജീവ് മുരളി, അഡ്വ.രാജശ്രീ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.