കനാല്‍ക്കരയിലെ 183 മരങ്ങള്‍ വെട്ടാനുള്ള തീരുമാനം റദ്ദാക്കി

Posted By : Seed SPOC, Alappuzha On 7th December 2013


 ആലപ്പുഴ: പരിസ്ഥിതിസ്‌നേഹികളുടെ ചെറുത്തുനില്പിനു മുന്നില്‍ അധികൃതര്‍ വഴങ്ങി. ആലപ്പുഴ കനാല്‍ക്കരകളിലെ 183 മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം റദ്ദാക്കി. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജനകീയ സമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, നഗരസഭാ അധികൃതരും എം.എല്‍.എ.മാരും യോഗത്തില്‍നിന്ന് വിട്ടുനിന്നു.

*കനാലിലേക്ക് കടപുഴകി വീണ മരങ്ങള്‍ മാത്രം നീക്കംചെയ്യും.
*ജനകീയ സമിതിയിലെ അംഗങ്ങളെയും കൂടുതല്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപവത്കരിക്കും.
*വെട്ടാന്‍ തീരുമാനിച്ചിരുന്ന മരങ്ങള്‍ സമിതി പരിശോധിക്കും.
*പത്തുദിവസത്തിനുള്ളില്‍ പ്രത്യേക സമിതി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കും.
*വെട്ടുന്നത് ഉടന്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതെന്ന് പ്രത്യേക സമിതി കണ്ടെത്തുന്ന മരങ്ങള്‍ മാത്രം. 
*സംരക്ഷിച്ച് നിര്‍ത്താന്‍ സാധ്യതയുള്ള എല്ലാ മരങ്ങളെയും സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ ഉറപ്പ്.
*സംരക്ഷിച്ചു നിര്‍ത്താന്‍ സാധ്യതയുള്ള മരങ്ങളെ സംരക്ഷിക്കുന്നതിനുള്ള വഴികള്‍ പ്രത്യേക സമിതി നിര്‍ദേശിച്ചാല്‍ അത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി.
*ജനകീയ പങ്കാളിത്തത്തോടെ കനാല്‍ക്കരകളിലുള്ള മരങ്ങളുടെ എണ്ണം ഇനം തിരിച്ച് കണക്കാക്കും. 
*ജനകീയ സമിതി നിര്‍ദേശിക്കുന്ന വൃക്ഷങ്ങള്‍ കനാല്‍ക്കരയില്‍ വച്ചുപിടിപ്പിക്കും. ഒരുവര്‍ഷം പ്രായമായ വൃക്ഷത്തൈകള്‍ സാമൂഹ്യ വനവത്കരണ വിഭാഗം കനാല്‍ക്കരയില്‍ വച്ചുപിടിപ്പിക്കുന്നതിനായി നല്‍കും. 
*പരിസ്ഥിതി വിദഗ്ധനും രണ്ട് ചരിത്രകാരന്മാരും ഉള്‍പ്പെടുന്ന സമിതി ഏതൊക്കെ വൃക്ഷങ്ങള്‍ എവിടെയൊക്കെ വച്ചുപിടിപ്പിക്കണമെന്ന് തീരുമാനിക്കും.
*കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് വിദഗ്ധരുടെ സേവനം ആവശ്യപ്പെടും.
കനാല്‍ സൗന്ദര്യവത്കരണത്തിന് കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഏജന്‍സിക്ക് മരം വെട്ടുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി. ജനകീയ പങ്കാളിത്തത്തോടെ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന ആവശ്യവും യോഗം അംഗീകരിച്ചു.