ആലപ്പുഴ: കനാല്‍ക്കരയിലുള്ള മരങ്ങള്‍ വെട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. മരങ്ങള്‍ വെട്ടാന്‍ വനംവകുപ്പ് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളും പരിസ്ഥിതി സ്‌നേഹികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് പുനഃപരിശോധിക്കണമെന്ന് വനംവകുപ്പ് ജില്ലാ അധികൃതര്‍ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച വിവിധ സംഘടനകളുടെ പ്രതിനിധികളേയും ഉള്‍പ്പെടുത്തി സംയുക്ത പരിശോധനാ സമിതി രൂപവത്കരിച്ച് വീണ്ടും പരിശോധിക്കണമെന്നാണ് വനംവകുപ്പ് അധികൃതരുടെ ആവശ്യം.കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയും നഗരസഭയും ചേര്‍ന്നാണ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന് മരംവെട്ടാനുള്ള അപേക്ഷ നല്‍കിയത്. നഗരസഭാ അധ്യക്ഷയും വാര്‍ഡ് കൗണ്‍സിലര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ധ സമിതിയെ മരങ്ങളുടെ അവസ്ഥ പരിശോധിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനംവകുപ്പ് ചുമതലപ്പെടുത്തി. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 153 മരങ്ങള്‍ വെട്ടാനും 30 മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടാനും വനംവകുപ്പ് അനുമതി നല്‍കി. നഗരസഭയും കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയും അപേക്ഷിച്ചിരുന്നുവെങ്കിലും കനാലിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് മരങ്ങള്‍ വെട്ടാന്‍ അനുമതി നല്‍കിക്കൊണ്ട് ജില്ലാ കലക്ടര്‍ക്ക് വനം വകുപ്പ് അനുമതി പത്രം കൈമാറുകയായിരുന്നു.പരിസ്ഥിതി സ്‌നേഹികളും വിവിധ സംഘടനകളും കനാല്‍ക്കരയിലെ മരങ്ങള്‍ വെട്ടാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിക്കുകയും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി സ്‌നേഹികളും കുരുന്നുകളും പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തീരുമാനത്തില്‍ എതിര്‍പ്പുള്ളവരേയും കൂടി ഉള്‍പ്പെടുത്തി സംയുക്ത പരിശോധനാ സമിതി രൂപവത്കരിക്കാനും ഈ സമിതി പരിശോധിച്ച് മരംവെട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതു വരെ മരങ്ങള്‍ മുറിയ്ക്കാന്‍ അനുമതി നല്‍കരുതെന്നുമാണ് സാമൂഹ്യവനവത്കരണ വിഭാഗം കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കാര്യം തീരുമാനിക്കുന്നതിന് ശനിയാഴ്ച 12 മണിയ്ക്ക് കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേരുമെന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. കെ.പി.തമ്പി അറിയിച്ചു.