പ്രമുഖര്‍ പ്രതികരിക്കുന്നു

Posted By : Seed SPOC, Alappuzha On 7th December 2013


 ഡോ. വി.എസ്. വിജയന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍, പശ്ചിമഘട്ട സംരക്ഷണസമിതി അംഗം)

മരങ്ങള്‍ കൂട്ടത്തോടെ വെട്ടിക്കളയുന്നത് അനുവദിക്കാനാവില്ല. പക്ഷികള്‍ കാഷ്ഠിക്കുന്നു, ഇലകള്‍ വീഴുന്നു തുടങ്ങിയ നിസ്സാര പ്രശ്‌നങ്ങള്‍ പറഞ്ഞ് മരങ്ങള്‍ വെട്ടുന്നത് ശരിയല്ല. ഇത് രണ്ടും പരിസ്ഥിതിയുടെ, പ്രകൃതിയുടെ ഭാഗമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നവര്‍ കനാല്‍ ശുചീകരിക്കുകയാണ് വേണ്ടത്. കനാലിലെ മണ്ണുമാറ്റിയിട്ട് കയര്‍ കാര്‍പറ്റ് വിരിക്കുന്നതല്ല വികസനം. കനാലിനു മുകള്‍ത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കല്‍ മുഴുവന്‍ എടുത്തിട്ട് അത് കര്‍ഷകര്‍ക്ക് കൃഷിക്കായി നല്‍കണം. ആ ചെളി മാലിന്യമല്ല, വളമാണ്. ഇലകളും കാഷ്ഠവും വീണ് എക്കലായി മാറുകയും അങ്ങനെ കൂടുതല്‍ വളമുണ്ടാവുകയും ചെയ്യും. തമിഴ്‌നാട്ടില്‍ പക്ഷികളുടെ കാഷ്ഠം വീഴുന്നതിനായി കര്‍ഷകര്‍ കാത്തിരിക്കാറുണ്ട്. മുമ്പ് ജൈവപരിപാലന സമിതി പക്ഷികളുടെ കാഷ്ഠം റോഡില്‍ വീഴാതിരിക്കാന്‍ ഷീറ്റുകെട്ടി അതില്‍ ശേഖരിക്കുന്നതിനുള്ള പദ്ധതികൊണ്ടുവന്നിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനു പകരം മരം വെട്ടുന്നതില്‍ കാര്യമില്ല.

കണിമോള്‍ (കവയിത്രി)

ഭൂമിയിലെ ജീവനുള്ള കവിതകളാണ് മരങ്ങള്‍. അരുംകൊല നടത്താനും രക്തം കാണാനും മടിയില്ലാത്തവര്‍ക്കേ മരങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാനാവൂ. മരങ്ങള്‍ക്കുവേണ്ടിയുള്ള സമരം നിലനില്‍പ്പിനുവേണ്ടിയുള്ള സമരമാണ്. മനുഷ്യനെക്കുറിച്ചുമാത്രമാണ് നാം പറയുന്നതും ചിന്തിക്കുന്നതും.മരങ്ങള്‍ക്കും ജീവനുണ്ടെന്ന കാര്യം അവയെ വെട്ടാന്‍ ഒരുങ്ങുന്നവര്‍ ആലോചിക്കണം. മരങ്ങള്‍ വെട്ടിക്കളയുന്നവര്‍ നമ്മുടെതന്നെ വേര് തോണ്ടുന്നവരാണ്. വിവരക്കേടുകൊണ്ട് മരങ്ങളെ ഇല്ലാതാക്കി ആലപ്പുഴ നഗരത്തെ ശൂന്യമാക്കരുത്.