ആലപ്പുഴ: "ഇംഗ്ലണ്ടില്‍ ഒരിക്കല്‍ ഒരു കുടുംബം അവര്‍ക്ക് മരം ശല്യമാണെന്നും മരം വെട്ടണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. അവിടെ മരങ്ങളെ പരിശോധിക്കാന്‍ പ്രത്യേകം ട്രീ സര്‍ജന്മാരുണ്ട്. അവര്‍ വന്ന് പരിശോധിച്ച് മരം പരാതിക്കാരേക്കാള്‍ പ്രായമുള്ളതാണെന്നും അതിനാല്‍ മരം വെട്ടുന്നതിനുപകരം പരാതിക്കാര്‍ സ്ഥലം ഒഴിഞ്ഞുപോകണമെന്നുമാണ് ഉത്തരവിട്ടത്' ഈ കഥ പറഞ്ഞു കൊണ്ടാണ് സാഹിത്യകാരി സാറ ജോസഫ് പരിസ്ഥിതി സ്‌നേഹികളുടെ പ്രതിഷേധത്തിന് തുടക്കമിട്ടത്. വീടു വയ്ക്കാന്‍ അനുമതി നല്‍കുമ്പോള്‍ മരം വെട്ടരുതെന്ന നിര്‍ദ്ദേശം വയ്ക്കുന്ന വിദേശ രാജ്യങ്ങളെക്കണ്ട് നമ്മള്‍ പഠിയ്ക്കണമെന്ന് അവര്‍ പറഞ്ഞു. ആലപ്പുഴ കനാല്‍ക്കരയിലുള്ള 183 തണല്‍ മരങ്ങള്‍ വെട്ടാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ച് പരിസ്ഥിതി സ്‌നേഹികളും ആയിരക്കണക്കിന് കുരുന്നുകളും സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.ജാഥയായി കനാല്‍ത്തീരത്തെത്തിയ കുട്ടികളും പരിസ്ഥിതി സ്‌നേഹികളും പിന്നീട് മരങ്ങളെ വെട്ടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കനാല്‍ക്കരയില്‍ കൈകോര്‍ത്തുപിടിച്ചുനിന്ന് പ്രതിഷേധിച്ചു. പകല്‍വെളിച്ചത്തിലും കാഴ്ചയില്ലാത്ത അധികാരികളോട് പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു.മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളടക്കമുള്ള കുരുന്നുകളുടെ വന്‍ നിരയാണ് പ്രതിഷേധ കൂട്ടായ്മയുടെ മാറ്റുകൂട്ടിയത്. മരങ്ങളെ കെട്ടിപ്പിടിച്ചും മരങ്ങളെ വെട്ടിക്കളയരുതെന്ന് അധികൃതരോട് ആവശ്യപ്പെട്ടും കുരുന്നുകള്‍ പ്രതിഷേധ വലയം തീര്‍ത്തപ്പോള്‍ നഗരവാസികളും അവരോടൊപ്പം ചേര്‍ന്നു. ആയിരക്കണക്കിന് കുരുന്നുകളാണ് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തത്.കേരളഗാന്ധി സ്മാരക നിധി സെക്രട്ടറി കെ.ജി.ജഗദീശന്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി. ചത്തിയറ വി.എച്ച്.എസ്., താമരക്കുളം വി.വി.എച്ച്.എസ്., കളര്‍കോട് യു.പി.എസ്., പുന്നപ്ര യു.പി.എസ്., ലിയോ തേര്‍ട്ടീന്ത് എച്ച്.എസ്., എസ്.ഡി.വി. ബോയ്‌സ് എച്ച്.എസ്., കാര്‍മല്‍ അക്കാദമി, എസ്.ഡി.വി. സെന്‍ട്രല്‍ സ്കൂള്‍, സെന്റ് ജോസഫ് ഗേള്‍സ് എച്ച്.എസ്., ലജനത്ത് സ്കൂള്‍, ചാരമംഗലം ഡി.വി.എച്ച്.എസ്. തുടങ്ങിയ സ്കൂളുകളില്‍നിന്ന് എസ്.ഡി.കോളേജ്, സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥികളും കൂട്ടായ്മയില്‍ പങ്കെടുത്തു. ട്രീ വാക്ക്, ആലപ്പുഴ ജെ.സി.ഐ., ഗാന്ധിദര്‍ശന്‍, ഗാന്ധി സ്മാരകം, കോട്ടയം നേച്ചര്‍ സൊസൈറ്റി, ഭൂമിത്രസേന, കൃപ, മാതൃഭൂമി സീഡ്, ഗ്രീന്‍ കമ്മ്യൂണിറ്റി, ആരോഗ്യ പരിസ്ഥിതി കൂട്ടായ്മ, തിയോസഫിക്കല്‍ സൊസൈറ്റി, ഒപ്ക, അക്വാട്ടിക് അസ്സോസിയേഷന്‍, ചെന്നിത്തല ക്ലാസ്സിക് ഹ്യൂമന്‍ റൈറ്റ് ക്ലബ്ബ് തുടങ്ങിയ സംഘടനാ പ്രതിനിധികളും ഗാന്ധി സ്മാരക സേവാസമിതി പ്രവര്‍ത്തകരും പങ്കെടുത്തു.