ശാസ്ത്രമേളയില്‍ പ്ലാസ്റ്റിക്കിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച് 'സീഡ്' പോലീസും കുട്ടികളും

Posted By : klmadmin On 1st December 2013


 നെടുങ്ങോലം: സി.വി.രാമന്‍ സ്മാരക ഇന്റര്‍ സ്‌കൂള്‍ ശാസ്ത്രമേളയില്‍ പ്ലാസ്റ്റിക്കിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച് സീഡ് പോലീസും കുറേ കുട്ടികളും കാഴ്ചക്കാര്‍ക്കിടയില്‍ ശ്രദ്ധേയരായി.
മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ബോധവത്കരണമാണ് ശാസ്ത്രമേളയിലെ സീഡ് പവലിയനിലൂടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കിയത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, ഉള്ളത് തന്നെ വീണ്ടും ഉപയോഗിക്കുക, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപയോഗിച്ച് തന്നെ വീണ്ടും ഉല്പന്നങ്ങള്‍ നിര്‍മിക്കുക എന്നിവയാണ് പ്രധാനമായും നല്‍കിയ നിര്‍ദ്ദേശങ്ങള്‍. ഒപ്പം സ്‌കൂളുകളില്‍ മാതൃഭൂമി നല്‍കുന്ന നാല് ചാക്കുകളില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ എങ്ങനെയാണ് തരംതിരിച്ച് ശേഖരിക്കേണ്ടതെന്ന ബോധവത്കരണവും മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളിലെ സീഡ് പോലീസ് അംഗങ്ങള്‍ നല്‍കി.
സീഡിന്റെ ലവ് പ്ലാസ്റ്റിക് പവലിയനിലെത്തിയവര്‍ക്കായി തത്സമയ ക്വിസ് മത്സരവും വിജയികള്‍ക്ക് സമ്മാനവിതരണവുമുണ്ടായി. കുസൃതി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയവര്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരണങ്ങളും പേനകളുമെല്ലാം സമ്മാനങ്ങളായി നല്‍കി. തത്സമയ ക്വിസ് മത്സരത്തിന്റെ ഭാഗമായി കാഴ്ചക്കാരോട് ചോദിച്ച കുസൃതി ചോദ്യങ്ങള്‍ക്കടക്കം ഉത്തരം നല്‍കിയ ജിപിന്‍ ജെ., അനന്തു ഷാജി, ഹരികൃഷ്ണന്‍, ഷീജാ ദാസ്, അനാമിക, രാജീവ്, വര്‍ഷാ എസ്., മനുലാല്‍, കൃഷ്ണപ്രസാദ്, ദേവി എം.പ്രദീപ് എന്നിങ്ങനെ പത്ത് പേര്‍ക്കാണ് മാതൃഭൂമി സീഡിന്റെ സമ്മാനങ്ങള്‍ ലഭിച്ചത്.