താഴത്തുകുളക്കട ഡി.വി.യു.പി.എസ്സില്‍ പരിസ്ഥിതിസൗഹൃദ മുറികളൊരുക്കി സീഡിന്റെ പ്രകൃതിപാഠം

Posted By : klmadmin On 30th November 2013


 പുത്തൂര്‍: അരയാലിലകളെ തഴുകിയെത്തുന്ന ഇളം കാറ്റേറ്റും കിളികളുടെ കളകൂജനങ്ങള്‍ കേട്ടും ഔഷധസസ്യങ്ങളുടെ തണലില്‍ പ്രകൃതിയോടിണങ്ങിയ പഠനമുറികള്‍.
ആരും കൊതിക്കുന്നതും ഗുരുകുല കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതുമായ പരിസ്ഥിതിസൗഹൃദ ക്ലാസ്സ് മുറികളൊരുക്കി താഴത്തുകുളക്കട ഡി.വി.യു.പി.സ്‌കൂളാണ് വിദ്യാര്‍ഥികള്‍ക്ക് പഠനം നവ്യാനുഭവമാക്കി മാറ്റുന്നത്.
മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ.യും ചേര്‍ന്നാണ് അനുകരണീയമായ ഈ പഠനാന്തരീക്ഷമൊരുക്കിയിരിക്കുന്നത്.
രാമനാമപ്പച്ച, വേപ്പ്, തിപ്പലി, നാഗദന്തി തുടങ്ങിയ ഔഷധസസ്യങ്ങളുടെ തണലിലാണ് ക്ലാസ്സ് മുറി. മഞ്ഞ മുളകള്‍ അടുക്കിക്കെട്ടിയാണ് ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍തന്നെ തയ്യാറാക്കിയ ചകിരികൊണ്ടുള്ള കിളിക്കൂടുകളും മുളങ്കൂടുകളും പഠനമുറിയുടെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. ഏറുമാടം, കൂടാരം എന്നീ രൂപങ്ങളില്‍ രണ്ട് പഠനമുറികള്‍കൂടി നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുകയാണെന്ന് പ്രഥമാധ്യാപകന്‍ ടി.എന്‍.ഹേമന്ത് പറഞ്ഞു. ദിവസവും ഓരോ ക്ലാസ്സുകാര്‍ക്കാണ് ഈ പഠനമുറി.