ചാത്തന്നൂര്‍: സ്‌കൂള്‍ വളപ്പിലെ പത്ത് സെന്റില്‍ പച്ചക്കറിക്കൃഷി എന്ന മാതൃകാപദ്ധതിയുമായി വിലവൂര്‍ക്കോണം ഡി.എം.ജെ.യു.പി.എസ്സിലെ സീഡ് പ്രവര്‍ത്തകര്‍. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ പച്ചക്കറിത്തോട്ടം എന്ന പദ്ധതി ആസൂത്രണം ചെയ്ത ഈ സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ സ്‌കൂള്‍ വളപ്പിലെ പത്ത് സെന്റില്‍ പച്ചക്കറിത്തോട്ടം ഒരുക്കിയത് പുതുമയാര്‍ന്ന പദ്ധതിയായി.
കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജേന്ദ്രന്‍ പിള്ളയും കൃഷി ഓഫീസര്‍ എസ്.ഗീതയും ഹെഡ്മിസ്ട്രസ് മറിയാമ്മ സാമുവലും വിദ്യാര്‍ഥിപ്രതിനിധിയും ചേര്‍ന്ന്, കൃഷിയോഗ്യമാക്കിയ സ്ഥലത്ത് തയ്യാറാക്കിയ തടത്തില്‍ പയര്‍വിത്ത് നട്ടു. രക്ഷാകര്‍ത്താക്കളും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പച്ചക്കറി ഇനങ്ങളുടെ തൈ നട്ടശേഷം ചേര്‍ന്ന യോഗത്തില്‍ പ്രദേശത്തെ ജനങ്ങളാകെ പങ്കെടുത്തു.
സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.രാജേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ആര്‍. രാഗേഷ് അദ്ധ്യക്ഷത വഹിച്ചു.
മാതൃഭൂമി ലേഖകന്‍ പ്രദീപ് ചാത്തന്നൂര്‍ സീഡ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കൃഷി ഓഫീസര്‍ എസ്.ഗീത പച്ചക്കറിക്കൃഷി നടത്തുന്നതിനെക്കുറിച്ച് ക്ലാസ് നയിച്ചു.
ഹെഡ്മിസ്ട്രസ് മറിയാമ്മ സാമുവല്‍ സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം നന്ദിയും പറഞ്ഞു.