ശൂരനാട്: പതാരം ശാന്തിനികേതന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ജ്യോതിര്‍ഗമയ ഊര്‍ജ്ജസംരക്ഷണ കര്‍മ്മപദ്ധതി തുടങ്ങി.
സ്‌കൂള്‍ പി.ടി.എ.യുടെയും ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വ്യാഴാഴ്ച കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് അമിത വൈദ്യുതി ഉപഭോഗം ശ്രദ്ധയില്‍പ്പെട്ട നൂറ് വീടുകള്‍ സന്ദര്‍ശിച്ച് ഉപയോഗം വിലയിരുത്തി.
പകല്‍ ജനലും വാതിലുകളും തുറന്ന് കാറ്റും വെളിച്ചവും പരമാവധി ഉപയോഗിച്ച് ഇതിലൂടെ ഫാന്‍, ലൈറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക, സി.എഫ്.വിളക്കുകള്‍, ഇലക്‌ട്രോണിക് ഫാന്‍ റെഗുലേറ്ററുകള്‍ എന്നിവ സ്ഥാപിക്കുക, ചിത്രങ്ങള്‍ക്കുമുമ്പിലെ പ്രകാശസംവിധാനം ഒഴിവാക്കുക തുടങ്ങി അനേകം പൊതുനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിദ്യാര്‍ഥികള്‍ വിതരണം ചെയ്തു.
സര്‍വേയില്‍ ഓരോ ഉപകരണവും ഉപയോഗിക്കുമ്പോള്‍ ആകുന്ന വൈദ്യുത ചെലവിനെപ്പറ്റിയും ആകെ ചെലവും ശേഖരിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും സംഘം അഭ്യര്‍ഥിച്ചു.
അടുത്ത ഇലക്ട്രിസിറ്റി ബില്‍ സമയത്ത് കുട്ടികള്‍ വീണ്ടും ഈ വീടുകളില്‍ എത്തി ഉപയോഗങ്ങള്‍ താരമത്യം ചെയ്യും.
ശൂരനാട് പബ്ലിക് ലൈബ്രറി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ. പ്രസിഡന്റ് മദനമോഹനന്‍ അധ്യക്ഷനായി.
പദ്ധതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവിയും സര്‍വേ പി.എസ്.സി. മുന്‍ ചെയര്‍മാന്‍ എം.ഗംഗാധരക്കുറുപ്പും ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ജി.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം തിരുവനന്തപുരം റീജണല്‍ പ്രോഗ്രാം കണ്‍വീനറും സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്ററുമായ ശ്രീഹരി വി. പദ്ധതി വിശദീകരിച്ചു.
മാതൃഭൂമി സീഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഷെഫീക്ക് കുട്ടികള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
പി.ടി.എ. മുന്‍ പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള, ഗ്രാമപ്പഞ്ചായത്ത് അംഗം എന്‍.സുമ, ശൂരനാട് തെക്ക് ലൈബ്രറി കൗണ്‍സില്‍ കണ്‍വീനര്‍ ആര്‍.ഗോപാലകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.സദാശിവന്‍ പിള്ള സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ മോന്‍സി എം.തരകന്‍ നന്ദിയും പറഞ്ഞു.
ഒരു യൂണിറ്റ് ലാഭിച്ചാല്‍ ഒന്നര യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാം തുടങ്ങിയ അവതരണഗാനങ്ങള്‍ ചൊല്ലിയാണ് സര്‍വേ നടത്തിയത്.