പ്രകൃതിയുടെ വൈവിധ്യങ്ങള്‍ അറിയാന്‍ സീഡ് നേച്ചര്‍ ക്യാമ്പ്

Posted By : klmadmin On 30th November 2013


 കൊല്ലം:വനത്തിലെ ജൈവവൈവിധ്യം അറിയുന്നതിനായി വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ നെയ്യാറില്‍ പ്രകൃതി സഹവാസ ക്യാമ്പ് നടത്തി. വ്യത്യസ്ത തരത്തിലുള്ള വൃക്ഷങ്ങള്‍, ചെടികള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍ എന്നിവയെപ്പറ്റി കൂടുതല്‍ അറിയുന്നതിനും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനുമാണ് ക്യാമ്പ് ലക്ഷ്യമിട്ടത്. കാവും കുളങ്ങളും ഓരോ പ്രദേശങ്ങളിലെയും കാര്‍ഷിക മേഖലയ്ക്കും ജനജീവിതത്തിനും നല്‍കിയ നേട്ടങ്ങള്‍ നേച്ചര്‍ ക്യാമ്പ് ചര്‍ച്ച ചെയ്തു. കുട്ടികള്‍ വനത്തിലെ ജൈവവൈവിധ്യം വിവരിച്ചു നല്‍കി. വെട്ടിനശിപ്പിക്കുന്ന ചെടികളുടെയും വൃക്ഷങ്ങളുടെയും ഔഷധ ഗുണത്തെപ്പറ്റി മനസ്സിലാക്കിയ സീഡ് ക്ലബംഗങ്ങള്‍ ഇവയെ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞയും എടുത്തു. പ്രകൃതിയുടെ ജൈവവൈവിധ്യങ്ങളെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന സന്ദേശം പകര്‍ന്നു നല്‍കിയാണ് സീഡ് ക്ലബിന്റെ നേച്ചര്‍ ക്യാമ്പ് അവസാനിപ്പിച്ചത്. സീഡ് കോ- ഓര്‍ഡിനേറ്റര്‍ സക്കറിയ മാത്യു, പ്രിന്‍സിപ്പല്‍ റെജിമോന്‍, അധ്യാപകരായ അജീഷ്, സിന്ധു എന്നിവര്‍ പങ്കെടുത്തു.