പുഴയറിവ് തേടി സീഡ് സംഘം

Posted By : klmadmin On 30th November 2013


 കൊല്ലം: പുഴയുടെ തുടക്കം, പതനസ്ഥലം, പുഴ നേരിടുന്ന പ്രശ്‌നങ്ങള്‍, ചരിത്രപരമായ സംഭവങ്ങള്‍ എന്നിവ നേരിട്ട് മനസ്സിലാക്കാന്‍ ചെപ്ര എസ്.എ. ബി. യു. പി. എസ്. സീഡ് സംഘം പഠനയാത്ര നടത്തി.
പുഴയറിവ് തേടി എന്ന് പേരിട്ട യാത്ര ലക്ഷ്യമിട്ടത് കൊല്ലം ജില്ലയിലെ പ്രധാന നദിയായ ഇത്തിക്കരയാറിനെയാണ്. ഇതിന്റെ പ്രധാന കൈവഴിയായ വേങ്ങൂര്‍ മലയുടെ അടിവാരത്ത് ചെറുവല്ലൂര്‍ മടത്തിക്കോണം എന്ന സ്ഥലത്തുനിന്നാണ് യാത്ര ആരംഭിച്ചത്. അവിടെനിന്ന് കാല്‍നടയായി 8 കിലോമീറ്റര്‍ തോടിനൊപ്പം നടന്ന് ഓടനാവട്ടം മൂന്നാറ്റിന്‍മുക്കിലെത്തി. നെടുമണ്‍കാവ്, വെളിച്ചിക്കാല, ഇത്തിക്കര വഴി പരവൂര്‍ പൊഴിക്കരയില്‍ യാത്ര അവസാനിപ്പിച്ചു.
യാത്രാമദ്ധ്യേ പുഴയുടെ സംഭാവനകളും ചരിത്രവും എന്നവിഷയത്തില്‍ ചരിത്രഗവേഷകന്‍ ഹരി കട്ടേല്‍, ജില്ലാ പഞ്ചായത്ത് പരവൂര്‍ ഡിവിഷന്‍ അംഗം മായാസുരേഷ്, ചിറക്കര ഗ്രാമപ്പഞ്ചായത്ത് അംഗം ബി. രവീന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു.
പുഴയിലെ കൈയേറ്റങ്ങള്‍, അനധികൃത മണല്‍വാരല്‍ എന്നിവയെക്കുറിച്ച് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. എസ്.ഷാജുകുമാര്‍ അറിയിച്ചു. യാത്രയ്ക്ക് ഹെഡ്മിസ്ട്രസ് എസ്. മണിയമ്മ, അണ്ടൂര്‍ സ്‌കൂളിലെ അദ്ധ്യാപകരായ സി. മുരളീധരന്‍പിള്ള, കെ. എസ്. അമ്പിളി, വി.പ്രഭാവതി, സുമ പി. വര്‍ഗീസ്, എസ്.അമ്പിളി, എസ്.ശശികുമാര്‍, കെ.ആര്‍.സന്ധ്യാകുമാരി, ആശ, എല്‍.വി. സന്തോഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.