ഇലനുള്ളി കറിവെച്ച് വാഴുന്നവേഴ്‌സ് യു.പി.

Posted By : knradmin On 20th July 2013


 ഹരിതവത്കരണത്തിനൊപ്പം ജൈവകൃഷിയും ആരോഗ്യത്തിന് പച്ചക്കറിയുടെ പ്രാധാന്യവും കുട്ടികളെ ബോധ്യപ്പെടുത്തിയുളള പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ ജില്ലയിലെ മികച്ച മൂന്നാമത്തെ ഹരിതവിദ്യാലയത്തിനുളള പുരസ്‌കാരം നേടിയ കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂള്‍ കഴിഞ്ഞ വര്‍ഷം കാഴ്ചവെച്ചത്.  ഇലക്കറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ കര്‍ക്കിടകം പതിനാറിന് 'ഈ കര്‍ക്കിടകം ഇലനുളളി കറിവച്ച് ' എന്ന പുതുമയാര്‍ന്ന പരിപാടിയിലൂടെ പത്ത് ഇലകള്‍ കൊണ്ട് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് കറി യൊരുക്കി. ആരോഗ്യത്തിന് പച്ചക്കറികളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ ഡോക്ടര്‍മാര്‍ ക്ലാസ്സെടുത്തു. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാന്‍ കുട്ടികള്‍ക്ക് തുണിസഞ്ചി നിര്‍മിക്കാനുളള പരിശീലനവും സീഡ് വക സംഘടിപ്പിച്ചു. ലോകവയോജന ദിനത്തില്‍ നാട്ടിലെ പ്രായം കൂടിയ മുത്തച്ഛനില്‍ നിന്ന് ജീവിതാനുഭവങ്ങള്‍ കേട്ടറിഞ്ഞു. പഞ്ചായത്തിലെ സമ്പൂര്‍ണ ശുചിത്വ വിദ്യാലയം എന്ന പുരസ്‌കാരം നേടിയെടുക്കാനും സീഡ് പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു. ആറളം വനത്തില്‍ നടത്തുന്ന പരിസ്ഥിതി പഠനക്ലാസും ലഹരി ഉപയോഗം കണ്ടെത്താന്‍ സീഡ് പോലീസിനെ നിയോഗിച്ചതും പുതുമയാര്‍ന്ന പ്രവര്‍ത്തനമായി. പഠനത്തിന് തടസ്സം വരാതിരിക്കാന്‍ ഉച്ചയ്ക്ക് 1.30 മുതല്‍ രണ്ട് വരെയും വൈകിട്ട് നാലിനു ശേഷവുമാണ് പരിസ്ഥിതിപ്രവര്‍ത്തനം. സീഡ് കോ ഓര്‍ഡിനേറ്റര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ 61 കുട്ടികളാണ് സീഡ് പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.