പരിമിതികള്‍ കടന്ന് ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.

Posted By : knradmin On 20th July 2013


 കണ്ണൂര്‍ ജില്ലയിലെ മൂന്നാമത്തെ മികച്ച സീഡ് വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസ്. പരിമിത സൗകര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നേട്ടം കൈവരിച്ചത്. ഇരുപത് വാഴക്കുന്നുകളേ നട്ടുളളൂ. 250 കിലോയിലധികം നേന്ത്രക്കായ ഉച്ചക്കഞ്ഞിക്ക് വിഭവമായി. 

  ഹരിതാഭമായ സ്‌കൂള്‍ അന്തരീക്ഷം, വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥി ക്ഷാമം എന്നിവ ചെറുകുന്ന് ഗേള്‍സിനെ അലട്ടിയിട്ടേയില്ല. പാരിസ്ഥിതിക അച്ചടക്കത്തെക്കുറിച്ച് ബോധവത്കരിക്കപ്പെട്ട സീഡ് അംഗങ്ങള്‍ വ്യക്തി - പരിസര ശുചിത്വ പഠനത്തില്‍ ദത്തശ്രദ്ധരാണ്. 750 വൃക്ഷത്തൈകള്‍ പരിപാലിച്ചുവരുന്നു.   ലഹരിവിമുക്ത സമൂഹ സൃഷ്ടി ലക്ഷ്യമാക്കി. എല്ലാ വിദ്യാര്‍ഥിനികള്‍ക്കും ലഘുലേഖ വിതരണം ചെയ്തു. ഗൃഹസന്ദര്‍ശനം, സര്‍വേ എന്നിവ നടത്തി. ചെറുകുന്ന് ടൗണില്‍ ലഹരിവിരുദ്ധ ദിനത്തില്‍ ബോധവത്കരണ റാലി നടത്തി. യുദ്ധവിരുദ്ധ ദിനത്തില്‍ മെഗാ ക്യാന്‍വാസില്‍ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. നാട്ടറിവ് ദിനത്തില്‍ തനതു ഭക്ഷണമേള സംഘടിപ്പിച്ചത് ശ്രദ്ധേയമായി. നവധാന്യങ്ങളും ദശപുഷ്പങ്ങളും പത്തിലകളും അഷ്ടമംഗല്യവും കുട്ടികള്‍ അറിഞ്ഞു. കര്‍ഷകദിനത്തില്‍ ആയിരത്തിലധികം പായ്ക്കറ്റ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. 
  മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടന്നു. പ്ലാസ്റ്റിക് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. ഒട്ടേറെ പഠനയാത്രകളും നടത്തി.
   2012 ആഗസ്ത് - സപ്തംബര്‍ മാസങ്ങള്‍ പരിഗണിച്ച് വൈദ്യുതി ഉപഭോഗം ലാഭിക്കാനുളള മത്സരം കെ.എസ്.ഇ.ബിയുമായി സഹകരിച്ച് നടപ്പാക്കി. സീഡ് അംഗം എന്‍. വിദ്യ പ്രത്യേക സമ്മാനത്തിന് അര്‍ഹയായി. ഈ വിദ്യാലയത്തിന്റെ ശ്രദ്ധേയമായ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പ്രാദേശിക ചാനലായ സീല്‍ ടിവി 'വിത്തും കൈക്കോട്ടും' എന്ന കാര്‍ഷിക പരിപാടിയില്‍ ശ്ലാഘിച്ചു.
  സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.വി. ഷാജിറാം, പ്രധാനാധ്യാപിക എം.കെ. ഉഷ, ഇ.പി. അബ്ദുള്‍ ഖാദര്‍, വി.എം. ഇന്ദിര, എം.ആര്‍. ബോബി, വി.സി. ശൈലജ, എ. ബിന്ദു, എന്‍. സുധ, സി. ഷീജ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സഹപ്രവര്‍ത്തകരും പി.ടി.എ. അംഗങ്ങളും വേണ്ടത്ര സഹകരണം നല്‍കുന്നുണ്ട്. ഈ വര്‍ഷവും കൂടുതല്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കാന്‍ തയ്യാറായിരിക്കുകയാണ് സീഡിലെ കൊച്ചുകൂട്ടുകാര്‍.