ചാരുംമൂട്: "മാതൃഭൂമി' സീഡ് ആലപ്പുഴ റവന്യു ജില്ലാതല ഉദ്ഘാടനച്ചടങ്ങിനെത്തിയ ദേശീയ അവാര്‍ഡ് ജേതാവ് ബാലതാരം മാസ്റ്റര്‍ മിനോണ്‍ ബേബി കുട്ടികളുടെ ആരാധനാപാത്രമായി. കുരുത്തോലകൊണ്ടുണ്ടാക്കിയ തൊപ്പി തലയില്‍ ചൂടിയെത്തിയ മിനോണ്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സംശയങ്ങള്‍ക്കുള്ള വേദിയാകണമെന്ന് മിനോണ്‍ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലായി അഞ്ചുവയസ്സില്‍ താഴെയുള്ള ഇരുപതിനായിരം കുട്ടികള്‍ വിശന്നുമരിക്കുന്നു. അതേസമയം ഓരോവര്‍ഷവും ഒരുലക്ഷത്തി മുപ്പതിനായിരം കോടി ടണ്‍ ഭക്ഷണം പാഴാകുന്നു. ഭക്ഷണം സൂക്ഷിച്ച് ഉപയോഗിക്കേണ്ട അമൂല്യവസ്തുവാണെന്നും ഭക്ഷണം പാഴാക്കില്ലെന്നുമുള്ള പ്രതിജ്ഞയാണ് മിനോണ്‍ ചൊല്ലിക്കൊടുത്തത്. കുടുംബസമേതമാണ് മിനോണ്‍ സ്കൂളില്‍ എത്തിയത്.